ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് നിയമവിദ്യാർഥികൾ; കോളേജ് ഭരണസമിതി പിരിച്ചുവിടും

Update: 2024-02-21 01:29 GMT

തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്‌ട്രേറ്റീവ്  ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.  പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും.

അതേസമയം കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർഥികൾ. പ്രതിഷേധം തുടരുന്നതിനിടെയാണ് സബ് കളക്ടർ സ്ഥലത്തെത്തിയത്. കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. 

ഫയർ ഫോഴ്‌സും പൊലീസും തൊടുപുഴ തഹസീൽദാരും കോളജിലെത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല.  പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും തങ്ങൾക്കെതിരെ ചുമത്തിയ റാഗിങ് കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചേ സമരം അവസാനിപ്പിച്ചത്. കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോടൊപ്പം സർവകലാശാല തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയുമെടുക്കും. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

 

Tags:    

Similar News