മുന്‍ എസ്എഫ്ഐ നേതാവുള്‍പ്പെട്ട തിരുവനന്തപുരത്തെ കഞ്ചാവ് കടത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്നു എക്സൈസ്. പത്തിലേറെ തവണ തലസ്ഥാനത്ത് കഞ്ചാവെത്തിച്ചെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തെന്നുമാണ് സൂചന. എക്സൈസ് വകുപ്പ് കേസിന്റെ അന്വേഷണം അസിസ്റ്റന്‍റ് കമ്മിഷണര്‍ എസ്. വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറി.
കഴിഞ്ഞ ദിവസമാണ് 94 കിലോ കഞ്ചാവുമായി മുന്‍ എസ്എഫ്ഐ നേതാവ് അഖിൽ ഉള്‍പ്പെടെ നാലു പേര്‍ പിടിയിലായത്. ആന്ധ്രാ, ഒഡീഷാ അതിര്‍ത്തിയില്‍ നിന്നു തിരുവനന്തപുരത്തേക്കു കഞ്ചാവെത്തിച്ചതിനു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് എക്സൈസ് നിഗമനം. ഒരു മാസത്തിനിടെ രണ്ടു തവണ കഞ്ചാവെത്തിച്ച സംഘം, ഇതുവരെ പത്തിലേറെ തവണ കഞ്ചാവെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ആർക്കാണ് കൈമാറിയതെന്നു വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നാണ് എക്സൈസ് പറയുന്നത്.
കഞ്ചാവ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തതായി സൂചനയുണ്ട്. പിടിയിലാവരില്‍ നിന്ന് ആറ് എടിഎം കാര്‍ഡുകളും ഏഴു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ച് ഇടപാടുകാരെ തിരിച്ചറിയാനാണ് എക്സൈസ് ശ്രമം. എടിഎം കാര്‍ഡുകളില്‍ അതത് ബാങ്കുകളില്‍ നിന്നു പണം വന്നതും പോയതുമായ വിശദ വിവരം നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
പിടികൂടിയ കഞ്ചാവിനായി രണ്ടു ലക്ഷം രൂപയാണ് സംഘം മുടക്കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള അഖിൽ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വാങ്ങാനുള്ള രണ്ടു ലക്ഷം രൂപ ആരു നല്‍കിയെന്നതിലും വിവരം ശേഖരിക്കുന്നുണ്ട്. ഇവിടെയെത്തിക്കുന്ന കഞ്ചാവ് പത്തു മടങ്ങിലേറെ തുകയ്ക്കാണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.