തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരമെന്ന് മന്ത്രി

Update: 2024-10-31 10:32 GMT

യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്ന് ഇന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാർഡിനാണ് തിരുവനന്തപുരം അർഹമായതെന്ന് എംബി രാജേഷ് പറഞ്ഞു.

ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാർഡിന് അർഹമായിട്ടില്ല. ഈ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രൻറെ ഭരണസമിതി നിലവിൽ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാർഡുകൾ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്‌കാരമെന്നും എംബി രാജേഷ് പറഞ്ഞു.

രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സുസ്ഥിര വികസനത്തിൽ ലോകത്ത് മുന്നിൽ നിൽക്കുന്ന നഗരങ്ങളിലൊന്നായാണ് തിരുവനന്തുപുരത്തിന് പുരസ്‌കാരം ലഭിച്ചത്. ഏറ്റവും അധികം വേട്ടയാടപ്പെട്ട ഒരു മേയറുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നേടിയതെന്നത് പ്രത്യേക ഓർക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

Tags:    

Similar News