ബസിന്‍റെ ടയറുകൾക്ക് കുഴപ്പമില്ല; ബ്രേക്ക് തകരാറല്ല: കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

Update: 2024-10-09 03:32 GMT

തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു.

അപകടമുണ്ടായ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തിൽപ്പെട്ട ബസ് ഇന്നലെ രാത്രി പുഴയിൽ നിന്നും ഉയർത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്. അപകടത്തിൽ മരിച്ച ത്രേസ്യയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. തകർന്ന ബസ് ഇന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് കൊണ്ടുപോകും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. തിരുവമ്പാടി ഡിപ്പോക്ക് മുന്നിലാണ് സമരം.

തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളാണ് മരിച്ചത്. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.  

Tags:    

Similar News