'അവർക്ക് ഇനി എന്തും ചെയ്യാം , തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്'; സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ കുടുംബം

Update: 2024-05-31 13:50 GMT

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയ നടപടി സങ്കടകരമെന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും പ്രതികൾക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണ്. പ്രതികൾക്ക് ഇനി ഫോൺ ഉപയോഗിക്കാം. ബാക്കി കാര്യങ്ങളെല്ലാം ചെയ്യാം. ജാമ്യം ലഭിച്ചതോടെ തെളിവ് നശിപ്പിക്കാം. സാക്ഷികളെ സ്വാധീനിക്കാം. റാഗിംങ് ചെയ്യുന്നവർക്ക് ഇത്രയല്ലേ വരൂ, ജാമ്യം കിട്ടുമല്ലോ എന്ന തോന്നലുണ്ടാക്കാൻ ഈ വിധിയിലൂടെ കഴിയും. സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാനടക്കം സർക്കാർ നീക്കം നടത്തി. നടപടി വൈകിപ്പിച്ചതിന് 3 വനിതാ ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഇപ്പോൾ അവർക്ക് പ്രമോഷൻ വരെ നൽകിയിരിക്കുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ വേണ്ടിയുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ വിശദീകരിച്ചു.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ മുഴുവൻ വിദ്യാത്ഥികൾക്കും ഹൈക്കോടതി ഇന്ന് ജാമ്യം നൽകുകയായിരുന്നു. സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്ന വാദം അംഗീകരിച്ചാണ് നടപടി. 20 വിദ്യാർഥികളെയാണ് സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തത്. ഇവരിൽ 19 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു പ്രതിക്ക് സിബിഐ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമ‍ർപ്പിച്ച സാഹചര്യത്തിൽ തങ്ങളുടെ കസ്റ്റ‍ഡി ആവശ്യമില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി നടപടി.

Tags:    

Similar News