'രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ല'; ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് രഞ്ജിത്ത്

Update: 2023-12-15 09:41 GMT

ചലച്ചിത്ര അക്കാദമി ഭരണ സമിതിയിൽ ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ തള്ളിയത്. ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത് പറഞ്ഞു.

ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കുക്കു പരമേശ്വരനുമായി തർക്കങ്ങളുണ്ടായെന്ന റിപ്പോർട്ടുകളും നിഷേധിച്ചു. കുക്കു പരമേശ്വരൻ 1984 മുതൽ സുഹൃത്താണ്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തുമ്പോൾ കുക്കു പരമേശ്വരനെ ഉൾപ്പെടുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്ന് രഞ്ജിത്ത് ഇന്നലെ പ്രതികരിച്ചിരുന്നു.

രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിലെ ജനറൽ കൗൺസിൽ ഹാളിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമായിരുന്നു യോഗം. യോഗസമയം തൊട്ടടുത്തുള്ള ചെയർമാൻറെ മുറിയിൽ രഞ്ജിത്ത് ഉണ്ടായിരുന്നു. 15 അംഗങ്ങളിൽ 9 പേർ ഈ യോഗത്തിൽ പങ്കെടുത്തു. ചില അംഗങ്ങൾ ഓൺലൈൻ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരൻ, മനോജ് കാന, എൻ അരുൺ, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറൽ കൗൺസിൽ അംഗങ്ങളാണ് സമാന്തര യോഗം ചേർന്നത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു.

Tags:    

Similar News