'വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിൽ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ല'; കെ സുരേന്ദ്രൻ
വയനാട്ടിൽ മത്സരം താനും രാഹുൽ ഗാന്ധിയും തമ്മിലെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഇന്ത്യ മുന്നണിയുടെ ഒറിജിനൽ സ്ഥാനാർത്ഥിക്കെതിരെയാണ് തന്റെ മത്സരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ച് അത്ര പ്രാധാന്യമില്ല ഈ തെരെഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കൊല്ലം ബിജെപി കേരളത്തിൽ രണ്ടക്ക സീറ്റ് നേടുമെന്നാണ് മോദിജി പറഞ്ഞത്.
വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ല. നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രനേതൃത്വമാണ് വയനാട് ജില്ലയിൽ എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. രാഹുൽഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണം എന്നാണ് കേന്ദ്രം നേതൃത്വം അറിയിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.