മണ്ണിനടിയിൽ ജീവന്റെ തുടിപ്പ് ; നിർത്തി വച്ച റഡാർ പരിശോധന വീണ്ടും തുടങ്ങി, നിരച്ചിലിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്

Update: 2024-08-02 14:54 GMT

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ തെർമൽ റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയ ഇടത്ത് തിരച്ചിൽ തുടരും. മുണ്ടക്കൈ അങ്ങാടിയിലെ ഒരു കടയുടെ താഴെ മണ്ണിനും കോൺ​ക്രീറ്റ് പാളികൾക്കുമടിയിലാണ് സി​ഗ്നൽ ലഭിച്ചത്. താഴെയുള്ള മനുഷ്യനോ ജീവിയോ ശ്വാസമെടുക്കുന്നതിന്റെ സി​ഗ്നലാണ് ലഭിച്ചത്. മനുഷ്യനാണെന്ന് ഉറപ്പില്ല. എങ്കിലും ജീവന്റെ സി​ഗ്നലായതിനാൽ കെട്ടിടം പൊളിച്ച് പ്രദേശത്ത് രാത്രിയും തിരിച്ചിൽ തുടരാനാണ് തീരുമാനം.

സൈന്യത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഒരുവേള തിരച്ചിൽ നിർത്താൻ തീരുമാനിച്ച സാഹചര്യമുണ്ടായെങ്കിലും, പിന്നീട് കലക്ടറുടെയും മുഖ്യമന്ത്രിയുടേയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. ഇതിനായി സൈന്യത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കാൻ മുഖ്യമന്ത്രി ഫയർഫോഴ്സിന് നിർദേശം നൽകി.പരിശോധനയ്ക്ക് വേണ്ട യന്ത്രസാമ​ഗ്രികളടക്കമുള്ള ഉപകരണങ്ങളും ഫ്ലഡ് ലൈറ്റുകളുമടക്കം ഇവിടേക്കെത്തിക്കും.

വൈകുന്നേരം ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനാവാതെ വന്നതോടെ, റഡാർ കൊണ്ടുവന്ന സ്വകാര്യ കമ്പനിയിലെ ഉദ്യോ​ഗസ്ഥൻ തിരിച്ചുപോയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഉടൻ തന്നെ ഒരു ഫോൺകോൾ വന്നതിനു പിന്നാലെ തീരുമാനം മാറ്റി ഇവിടേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. കലക്ടർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥനോട് തിരികെപ്പോകാനും റഡാർ പരിശോധന തുടരാനും നിർദേശം ലഭിച്ചത്.

തുടർന്നാണ് കലക്ടറും സൈനിക ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതും പ്രദേശത്ത് തിരച്ചിൽ തുടരാൻ ആവശ്യപ്പെട്ടതും. ദുരന്തമുഖത്ത് കാണാതായവർക്കായി നാലാം ദിനവും രക്ഷാദൗത്യം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരിടത്ത് ആശ്വാസത്തിന്റെ സി​ഗ്നൽ ലഭിച്ചത്. 'ബ്ലൂ സിഗ്നലാണ് ലഭിച്ചത്. അതിനർഥം താഴെയുള്ള മനുഷ്യനോ ജീവിയോ ശ്വസിക്കുന്നുണ്ട് എന്നാണ്, പക്ഷേ അത് ചലിക്കുന്നില്ല'- എന്ന് റഡാറുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു.

Tags:    

Similar News