ജോർജ് തോമസിനെതിരെ പാർട്ടി അന്വേഷിച്ച് കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ; 'പീഡന കേസ് പ്രതിയെ രക്ഷിക്കാൻ നൽകിയത് ലക്ഷങ്ങൾ

Update: 2023-07-17 07:04 GMT

സിപിഐഎം മുൻ എംഎൽഎ ജോർജ് തോമസിനെതിരായ ആരോപണങ്ങളുടെ  പശ്ചാത്തലത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.

എംഎൽഎ എന്ന പദവിയുപയോഗിച്ചു എന്നാണ് ഇതിനൊക്കെ ജോർജ്ജ് എം തോമസ് അന്വേഷണക്കമ്മീഷന് നൽകിയ മറുപടി. ജോർജ്ജ് എം തോമസിനെതിരായി ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു. പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ബിനാമിയായി ഭൂമിയും റിസോ‍ർട്ടും ബിനാമിയായി വാങ്ങി നൽകി. ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽസി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഇങ്ങനെ നീളുന്നു ജോർജ് തോമസ് നടത്തിയ കുറ്റങ്ങൾ

ജോർജ്ജ് എം തോമസ് എം എൽഎ ആയിരുന്ന 2006 -2011. 2016-21 കാലങ്ങളിലാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാൾക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോർജ്ജ് എം തോമസ് കമ്മീഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.

കേസിൽ ഇടപ്പെട്ട് തെളിവ് ഇല്ലാതാക്കി എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ വകുപ്പുകളനുസരിച്ച് ജോർജ്ജിനെതിരെ നടപടിയെടുക്കാം. എംഎൽഎ എന്ന നിലയ്ക്ക് പണം വാങ്ങിയത് വിജിലൻസ് അന്വേഷണത്തിനും വഴി തുറക്കും. ഈ സാഹചര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വരാതിരിക്കാനുള്ള നീക്കമാകും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്ന വിലയിരുത്തലും ഉണ്ട്

Tags:    

Similar News