'ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി'; സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന കൗൺസിൽ

Update: 2023-09-27 14:18 GMT

സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണ്. ഭൂമി–ക്വാറി മാഫിയയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോള്‍ പാണ്ഡവര്‍ മൗനം പാലിച്ചതുപോലെ സി.പി.ഐ നേതൃത്വം നിലകൊള്ളരുതെന്നും അംഗങ്ങള്‍ പറഞ്ഞു.

ഇന്നലെത്തേതിലും കടുത്ത വിമര്‍ശനമാണ് ഇന്ന് സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്‍റെ വികൃതമായ മുഖം നന്നാക്കാതെ കേരളീയവും മണ്ഡലം സദസും ഒന്നും നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു വിമര്‍ശനം. കോര്‍പറേറ്റ് സംഘത്തിന്‍റെ പിടിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖരെയല്ല, വോട്ടുചെയ്ത് ജയിപ്പിച്ച സാധാരണക്കാരെയാണ്. ഈ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും കൗൺസിലിൽ ആക്ഷേപം ഉയർന്നു .

മുഖ്യമന്ത്രിക്ക് ലാളിത്യമില്ലെന്നും വിമര്‍ശമുയര്‍ന്നു.50 അകമ്പടി വാഹനങ്ങളുമായുള്ള യാത്രയൊക്കെ തെറ്റാണ്. മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ല. എല്ലാത്തിനും മാധ്യമങ്ങളെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും വസ്ത്രാക്ഷേപമാണ് നടക്കുന്നത്.ധര്‍മം രക്ഷിക്കാന്‍ പാര്‍ട്ടി വിദുരരാകണം. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ ഓഫീസില്‍ ഒന്നും നടക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കിയിരിക്കുകയാണ്. റവന്യു, കൃഷി മന്ത്രിമാര്‍ ഒരിക്കലും സ്ഥലത്തുണ്ടാകാറില്ലെന്നും വിമര്‍ശനമുയര്‍ന്നു.

Tags:    

Similar News