കെഎസ്ആർടിസിയുടെ കണക്ക് നിരത്തി മന്ത്രി; '93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിൽ'

Update: 2024-10-11 05:34 GMT

കെഎസ്ആർടിസിയുടെ ലാഭക്കണക്ക് നിരത്തി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 85 ശതമാനം ഡിപ്പോകളും പ്രവ‍ർത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി സഭയിൽ അറിയിച്ചു. ഒൻപത് കോടി രൂപയാണ് ഡിപ്പോകളുടെ ടാർജറ്റ്. ലാഭത്തിലേക്ക് എത്തിക്കാൻ ജീവനക്കാ പരമാവധി ശ്രമിക്കുന്നുണ്ട്. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.  

പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ഉദ്ഘാടനം ചെയ്യും. പുതിയ 10 പെട്രോൾ പമ്പുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാൻ സാധിച്ചു. പിഎഫ് ക്ലോഷർ, എൻപിഎസ്, പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നൽകാനുള്ള പണം എല്ലാം ചേർത്ത് ഡിസംബർ മുതൽ ഇതുവരെ 883 കോടി രൂപ അടച്ചുതീർത്തു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് ഇൻസെൻ്റീവ് അടക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊറിയർ സർവീസ് വീട്ടുപടിക്കൽ എത്തിക്കുന്നതിന് കെഎസ്ആ‍ർടിസിയുമായി ചേർന്ന് പ്രവ‍ർത്തിക്കാൻ സന്നദ്ധത അറിയിച്ച് ഒരു സ്റ്റാർട്അപ്പ് സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. വീടുകളിൽ നിന്ന് കൊറിയർ ശേഖരിക്കുകയും വീടുകളിൽ നേരിട്ട് കൊറിയർ എത്തിക്കുകയും ചെയ്യുന്ന സംവിധാനം യാഥാർത്ഥ്യമാക്കാനാണ് ശ്രമം നടക്കുന്നത്. അതിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

Tags:    

Similar News