സ്കൂൾ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരി മരണപ്പെട്ട സംഭവം; സ്കൂളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത.
അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം.
കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബെംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതില്‍ സർവത്ര ദുരൂഹതയെന്ന് അച്ഛനമ്മമാർ പറയുന്നു. വിദഗ്ധ ചികിത്സ നല്‍കാൻ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസില്‍ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ മലയാളിയായ പ്രിൻസിപ്പല്‍ തോമസ് ചെറിയാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. മലയാളിയായ സ്കൂള്‍ പ്രിൻസിപ്പല്‍ ഇപ്പോഴും ഒളിവിലാണ്. സംഭവത്തല്‍ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.