രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ല; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്ക്: രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Update: 2025-01-10 09:20 GMT

യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു.

കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതിൽ രണ്ട് വഴികള്‍ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവര്‍ത്തിക്കും. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല ഭംഗിയാക്കി. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ പറഞ്ഞു.

സർവകലാശകൾ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം. ഭരണം സ്തംഭിക്കാനായിരുന്നു പഴയ ഗവർണർ ശ്രമിച്ചത്. നാടിന് നിരക്കാത്ത രീതിയിലായിരുന്നു മുൻ ഗവർണറുടെ പ്രവർത്തനം. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങൾ. സംസ്ഥാനം തൊഴിലാളികൾക്ക് അനുകൂലമാണെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നു ധാരാളം ആളുകൾ ജോലി തേടി ഇവിടെ എത്തുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    

Similar News