ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

Update: 2024-09-10 13:15 GMT

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം അജ്മാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്ന സംഭവത്തിന്‍റെ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ട് തയാറാക്കിയത് എന്നിരിക്കെ നടപടിയെടുക്കാതിരിക്കുന്നത് സർക്കാരിന്‍റെ വലിയ വീഴ്ച്ചയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഇത്തരം കേസുകളിൽ ഇരകൾ പരാതിപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കണമെന്നിരിക്കെ സർക്കാർ നടത്തുന്ന ഒളിച്ചുകളി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പരാതി ലഭിച്ചിട്ട് കേസ് ഒളിപ്പിച്ചുവെക്കുക എന്നത് തന്നെ വലിയ കുറ്റകൃത്യമാണെന്നും കോടതി വിധിയിലൂടെ പ്രതിപക്ഷത്തിന്‍റെ വാദങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസത്തിന്‍റെ വലിയ വക്താക്കളായി പറയുന്ന ബി.ജെ.പി തന്നെ പൂരം കലക്കാൻ കൂട്ടുനിന്നത് വലിയ അപരാദമാണ്​. പ്രകാശ് ജാവദേക്കറെ സന്ദർശിച്ചതിന്‍റെ പേരിൽ ഇ.പി ജയരാജൻ വീട്ടിലിരിക്കേണ്ടി വരുമ്പോൾ ആർ.എസ്.എസ് നേതാവുമായി ചർച്ചക്ക് ദൂതനെ അയച്ച മുഖ്യമന്ത്രി സുരക്ഷിതനായി ഇരിക്കുകയാണ്​. ആർ.എസ്.എസുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് സ്പീക്കർ ഷംസീറിന്‍റെ പ്രസ്താവന മറ്റെന്തോ ലക്ഷ്യം മുൻ നിർത്തിയാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News