കുടുംബവഴക്ക്; മകനെ അച്ഛൻ കോടാലികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

Update: 2023-10-17 03:33 GMT

അമ്മയെ ഫോണ്‍വിളിക്കുകയായിരുന്ന മകനെ അച്ഛൻ കോടാലികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. പുല്പള്ളി കതവാക്കുന്നിലാണ് സംഭവം.

തെക്കേക്കര അമല്‍ദാസ് (നന്ദു-22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഒളിവില്‍പ്പോയ പ്രതി ശിവദാസനെ രാത്രിയോടെ പോലീസ് പിടികൂടി. പുല്പള്ളി കേളക്കവല ഭാഗത്തുനിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കേളക്കവല ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത ശിവദാസനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ശിവദാസനും അമല്‍ദാസും മാത്രമാണ് കതവാക്കുന്നിലെ വീട്ടില്‍ താമസമുണ്ടായിരുന്നത്. ശിവദാസന്റെ പീഡനം ഭയന്ന് ഭാര്യ സരോജിനിയും മകള്‍ കാവ്യയും കബനിഗിരിയിലെ കുടുംബവീട്ടിലാണ് കഴിയുന്നത്.

പെയിന്റിങ് തൊഴിലാളിയായ അമല്‍ദാസ് ബന്ധുവിന്റെ കൃഷിയിടത്തില്‍ രാത്രി കാവലിനുപോയശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം അമല്‍ദാസ് അമ്മയെ ഫോണ്‍വിളിക്കുന്നതിനിടെയാണ് ശിവദാസൻ കോടാലികൊണ്ട് തലയ്ക്കടിച്ചത്. തലയ്ക്കടിയേറ്റ അമല്‍ദാസ് തത്ക്ഷണം മരിച്ചു. താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ മകൻ ഫോണ്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

'അമ്മയെ വിളിച്ചാല്‍ നിന്നെ ഞാൻ ശരിയാക്കു'മെന്ന് ശിവദാസൻ പറയുന്നതും തുടര്‍ന്ന് അടിക്കുന്നതിന്റെ ശബ്ദവും സരോജിനി ഫോണിലൂടെ കേട്ടിരുന്നു. ഇതിനുശേഷം മകന്റെ പ്രതികരണമൊന്നുമുണ്ടായില്ല. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പന്തികേട് തോന്നിയ സരോജിനി അയല്‍വാസിയെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്ന അമല്‍ദാസിനെ കണ്ടെത്തിയത്. അമല്‍ദാസിനെ അടിക്കാൻ ഉപയോഗിച്ച കോടാലി വീടിന് പിറകുവശത്തുനിന്നും കണ്ടെത്തി.

മരംവെട്ട് തൊഴിലാളിയാണ് ശിവദാസൻ. ഗോവയില്‍ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന സരോജിനി കഴിഞ്ഞയാഴ്ചയാണ് നാട്ടില്‍തിരിച്ചെത്തിയത്. അഡീഷണല്‍ എസ്.പി. വിനോദ് പിള്ള, എസ്.എം.എസ്. ഡിവൈ.എസ്.പി. എം.ഒ. സിബി, ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡ്, ഫിങ്കര്‍ പ്രിന്റ്, ഫൊറൻസിക് വിഭാഗങ്ങള്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ പുല്പള്ളി പോലീസ് ഇൻസ്പെക്ടര്‍ അനന്തകൃഷ്ണൻ, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Tags:    

Similar News