മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക് സൊലൂഷൻസ് ലിമിറ്റഡിനും കമ്പനി നിയമം ലംഘിച്ചതിന് കർണാടകയിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്.
കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവർത്തിപ്പിച്ചില്ലെന്നും ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു 2021 ഫെബ്രുവരിയിൽ 2 ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോ ലക്ഷം രൂപ വീതം അടയ്ക്കാനായിരുന്നു ഉത്തരവ്.
റജിസ്റ്റേഡ് ഓഫിസ് മാറ്റിയാൽ 30 ദിവസത്തിനകം ആർഒസിയെ അറിയിക്കണമെന്നാണു നിയമം. നിക്ഷേപകരിൽ ഒരാൾ കമ്പനിയുടെ വിലാസത്തിൽ ബന്ധപ്പെട്ടപ്പോഴാണ് ഓഫിസ് മാറ്റിയ വിവരം അറിഞ്ഞത്. ഇയാളുടെ പരാതിയിലാണ് ആർഒസി അന്വേഷണം നടത്തിയത്. കോവിഡ് പ്രതിസന്ധിയാണു വീണ കാരണമായി ബോധിപ്പിച്ചത്.