നിയമസഭ ഇന്ന് ചേര്‍ന്നത് ഒമ്പത് മിനിറ്റ് മാത്രം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു
നിയമസഭയിലെ ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ ചേര്‍ന്നത് വെറും ഒന്‍പത് മിനിറ്റ് മാത്രം. കഴിഞ്ഞ ദിവസം ഇത് പതിനേഴ് മിനിറ്റായിരുന്നു. എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ വാദി പ്രതിയായ സ്ഥിതിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തത്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാത്തത് നിരാശജനകമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിയമസഭ സംഘര്‍ഷഭരിതമായി മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി കാണിച്ചില്ല. നിയമസഭയിലുണ്ടായ കയ്യാങ്കളി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ വിഷയം ഇന്ന് ചർച്ചയായില്ല.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച സ്പീക്കറുടെ ഓഫീസിനുമുന്നിലുണ്ടായ സംഘർഷത്തിൽ ഭരണ-പ്രതിപക്ഷ എം.എൽ.എ.മാരെയും വാച്ച് ആൻഡ് വാർഡിനെയും പ്രതിയാക്കി മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. 12 പ്രതിപക്ഷ അംഗങ്ങൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൈക്ക് പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ അസി. സർജന്റ് ഷീനയുടെ മൊഴിപ്രകാരമാണ് പ്രതിപക്ഷ സാമാജികർക്കെതിരേ കേസെടുത്തിട്ടുള്ളത്.