'തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായത്' ; മുഖ്യമന്ത്രിയുടെ 'ശിവനും പാപിയും' പരാമർശം സ്വാഗതാർഹമെന്നും ഇ.പി ജയരാജൻ

Update: 2024-04-28 13:44 GMT

ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവര്‍ത്തിക്കുകയാണ് ഇ പി ജയരാജന്‍. ബിജെപി നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നുവെന്നും ഇപി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ 'ശിവനും പാപിയും' പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ഡൽഹിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗള്‍ഫില്‍ വെച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറയുന്നത്. താന്‍ ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News