മാസ്റ്റർപ്ലാൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ശശി തരൂർ

Update: 2024-11-05 07:38 GMT

തലസ്ഥാനത്തെ സൗത്ത്,  സെൻട്രൽ, നോർത്ത്  റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള  മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര  റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമ മുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കാനുള്ള റെയിൽവെയുടെ തീരുമാനം പുന:പരിശോധിക്കണം. ഇതിന് പുറമെ തിരുവനന്തപുരം സൗത്ത് സ്റ്റേഷനിലെ പിറ്റ് ലൈനുകളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കുന്നതിനുള്ള തീരുമാനവും പുന:പരിശോധിക്കണമെന്ന് ശശി തരൂർ റെയിൽവെ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം 281 കോടി രൂപ വരുമാനമുണ്ടാക്കിയതും 1.31 കോടി യാത്രക്കാർ ഉപയോഗിച്ചതുമായ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനോടുള്ള അവഗണന ഒരിക്കലും നീതീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു സ്റ്റേഷന്റെ വികസനം ഉറപ്പുവരുത്തേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്.  തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ അറിയിച്ചു.

Tags:    

Similar News