തണ്ണീർ കൊമ്പൻ കർണാടകയിലെത്തി. വയനാട് അതിർത്തി കഴിഞ്ഞ് കർണാടക വനംവകുപ്പിൻറെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീർ കൊമ്പനെ മാറ്റിയിരിക്കുന്നത്. ആന പൂർണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെ മുതൽ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്.
തുടർന്ന് എലിഫൻറ് ആംബുലൻസിൽ കർണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്കുശേഷം തണ്ണീർ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും. ബന്ദിപ്പൂരിൽ എത്തിച്ചശേഷം ഇന്നലെ രാത്രി തന്നെ ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദൗത്യത്തിനായി മാനന്തവാടിയിലെ ജനങ്ങളെല്ലാം നന്നായി സഹകരിച്ചുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു.