ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവം;തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർ അറസ്‌റ്റിൽ

Update: 2022-10-05 04:34 GMT

ചികിത്സാ പിഴവിലാണ് അമ്മയും നവജാത ശിശുവും മരിച്ചതെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്ന് തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർ അറസ്‌റ്റിൽ. തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും(25) ഇവരുടെ നവജാത ശിശുവും മരിച്ച സംഭവത്തിലാണ് നടപടി.

ഡോക്‌ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ജുലായ് മാസത്തിലാണ് അടുത്തടുത്ത ദിവസങ്ങളിൽ ഐശ്വര്യയും കുഞ്ഞും മരിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്‌ടർക്ക് തെറ്റ് പറ്റിയെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചു. പ്രസവ ശസ്‌ത്രക്രിയ ആദ്യം വേണമെന്ന് നിർദ്ദേശിക്കുകയും എന്നാൽ സാധാരണ പ്രസംവം മതിയെന്ന് പിന്നീട് അറിയിക്കുകയുമായി. ഇതിനിടെ കുട്ടിയെ പുറത്തെടുക്കവെ അമിത രക്തസ്രാവം മൂലം വെന്റിലേറ്ററിലായ ഐശ്വര്യ മരിച്ചു.

പൊക്കിൾകൊടി കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്ന കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിനെ തുടർന്ന് കുഞ്ഞും മരിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സംഭവത്തിൽ കേസെടുത്ത് മുൻപുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് ഡോക്‌ടർമാരെയും പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    

Similar News