ദേശീയ​ഗാനത്തിന് പകരം 'തമിഴ് തായ് വാഴ്ത്ത്'; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

Update: 2025-01-06 08:47 GMT

നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന് നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ ആർ എൻ രവി. ​തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു.

ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

'ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയ​ഗാനം ആലപിക്കേണ്ടതുണ്ട്'- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതേ സമയം ഗവർണർ ഇറങ്ങിപ്പോയതിന് ശേഷം ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം നിയമസഭാ സ്പീക്കർ എം അപ്പാവു തമിഴിൽ വായിച്ചു. രാജ്ഭവനും തമിഴ്നാട് സർക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രം​ഗങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2022 ൽ 'ദ്രാവിഡ മോഡൽ' എന്ന പദപ്രയോഗത്തിന് പുറമെ ബിആർ അംബേദ്കർ, പെരിയാർ, സിഎൻ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ എൻ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.



Tags:    

Similar News