‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്ത് ഗവർണർ; ഫാഷിസത്തിനു കുടപിടിക്കുന്നു: തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്ന് ഡിഎംകെ

Update: 2025-01-01 03:49 GMT

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി.

ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാഷിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു.

വിജയ്‌ക്ക് ഫാഷിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയിലും അണ്ണാ സർവകലാശാലാ ക്യാംപസിൽ അടുത്തിടെയുണ്ടായ ലൈംഗികാതിക്രമത്തിലുമുള്ള പരാതി ടിവികെ അധ്യക്ഷൻ സി.ജോസഫ് വിജയ് ഗവർണറെ കണ്ട് കൈമാറി’ എന്നായിരുന്നു രാജ്ഭവന്റെ പോസ്റ്റ്.

ഇതിനിടെ, അണ്ണാ സർവകലാശാല സംഭവത്തിനെതിരെ സമ്മേളനം നടത്താനുള്ള അനുമതി പൊലീസ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിനായി ഒത്തുചേർന്ന എൻടികെ നേതാവ് സീമാൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കേസിൽ ദേശീയ വനിതാ കമ്മിഷനും അന്വേഷണം തുടരുകയാണ്.

Tags:    

Similar News