അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; നാളെ അതിരാവിലെ ദൗത്യം തുടങ്ങും

Update: 2023-05-27 10:17 GMT

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.

നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. അതേസമയം, ആന ഇപ്പോഴത്തെ നിലയിൽ നിന്ന് മാറാതെ നോക്കും. 

Tags:    

Similar News