'30 കോടി വാഗ്ദാനം, എല്ലാം മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി': എഫ് ബി ലൈവിൽ സ്വപ്ന

Update: 2023-03-09 12:01 GMT


സ്വർണക്കള്ളക്കടത്തുകാരി എന്നാണ് താൻ അറിയപ്പെടുന്നതെന്നും ഇതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും അതിൽ പെടുകയായിരുന്നു എന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പല കാര്യങ്ങൾക്കും വേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടർന്ന് എന്നെ ജയിലിൽ അടച്ചു.

ജയിലിൽ വച്ചുതന്നെ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ കള്ളത്തരം ഉൾപ്പെടെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയത്. വിജയ് പിള്ള എന്നൊരാൾ കണ്ണൂരിൽനിന്നു നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ അത് സെറ്റിൽമെന്റ് സംസാരമായിരുന്നു. ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണം.– സ്വപ്ന ഫെയ്സ്ബുക് ലൈവിൽ പറ​ഞ്ഞു.

''ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ്‍‌ പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ‌ കള്ളവീസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. കാരണം എനിക്ക് ഒരു തന്തയേയുള്ളൂ. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു.

ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുെട രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകൻ കൃഷ്ണരാജിന് നൽകി. കർണാടക ഡിജിപിക്കും എൻഫോഴ്സ്മെന്റ് ഡയറ്കടർക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും.

വിജയ് പിള്ളയ്ക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. തന്നെ കൊല്ലണമെങ്കിൽ എം.വി.ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. എന്നെ കൊന്നാലും തന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവിൽനിന്ന് പോകാൻ സാധിക്കില്ല. ഫെയ്‌സ്ബുക്കിൽ വരുന്നു എന്ന് മലയാളത്തിൽ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാൻ അറിയില്ല. യുഎയിലേക്ക് പോകാൻ പാടില്ല..''– സ്വപ്ന ആരോപിച്ചു.

Tags:    

Similar News