സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വപ്ന ഉന്നയിച്ചിട്ടില്ല: എം.വി ഗോവിന്ദൻ
സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളൊന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. കേസ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർക്കെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങുമെന്ന് എൽ.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
'സ്വപ്ന സുരേഷ് പറയുന്നതിലാണ് ധാർമ്മികതയുള്ളത് എന്ന് അടിച്ചേൽപ്പിക്കാൻ നോക്കേണ്ട, അവരിങ്ങനെ ഒരോന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്' എം.വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയുടേത് വ്യാജ ആരോപണങ്ങളാണെന്നും ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സിപിഎമ്മിന്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്. രണ്ട് മുൻ മന്ത്രിമാർക്കും നിയമസഭാ മുൻ സ്പീക്കർക്കുമെതിരെയാണ് സ്വപ്നയുടെ ആരോപണം. താൻ പറഞ്ഞതിൽ വല്ല കളവും ഉണ്ടെങ്കിൽ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു.