പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ ആക്രമിച്ചു; പുതിയ വാദവുമായി സുരേഷ് ഗോപി

Update: 2024-10-31 05:03 GMT

തൃശൂർ പൂരനഗരിയിൽ എത്തിയത് ആംബുലൻസിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ എത്തിയതെന്നും അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഗുണ്ടകൾ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലൻസിൽ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'ആംബുലൻസ് എന്ന് പറഞ്ഞ് നിങ്ങൾ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലൻസിൽ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കിൽ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താൻ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു.

പൂരനഗരിയിൽ സുരേഷ് ഗോപി ആംബുലൻസിലാണ് എത്തിയതെന്ന് പറഞ്ഞത് ബിജെപി ജില്ലാ പ്രസിഡന്റ് ആണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി ഇങ്ങനെ; എയർപോർട്ടിൽ കാർട്ടുണ്ട്. ആ കാർട്ടിൽ പോകുന്നത് കണ്ട് സുരേഷ് ഗോപി നേരെ കാർട്ടിലാണ് എയർ പോർട്ടിൽ എത്തിയതെന്ന് പറഞ്ഞാലോ?. നിങ്ങൾ അന്വേഷിക്കൂ ആംബുലൻ എവിടെയാണ് ഉണ്ടായിരുന്നതെന്ന്. റിങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ, അതുമാത്രമല്ല പൂരം കണ്ടുനിൽക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാൽ കൊണ്ടുപോകാനുള്ള ക്രമീകരണമാണ് അത്. താൻ പതിനഞ്ച് ദിവസം ഒരു കാലിൽ ഇഴഞ്ഞാണ് പ്രവർത്തനം നടത്തിയത്. ആ കണ്ടീഷനിൽ അത്രയാളുകളുടെ ഇടയിലൂടെ തനിക്ക് പോകാൻ പറ്റുന്നില്ല. അതിന് മുൻപ് ഞാൻ കാറിൽ ഏതാണ്ട് 5 കിലോമീറ്റർ സഞ്ചരിച്ച് വന്ന് ഇറങ്ങിയ അടുത്ത് ഈ പറഞ്ഞ രാഷ്ട്രീക്കാരുടെ കിങ്കരൻമാർ, ഗൂണ്ടകൾ എന്റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കൈയിൽ റെക്കോർഡ് ഉണ്ടോ?. അവിടെ നിന്ന എന്നെ രക്ഷപ്പെടുത്തിയത് ഒരുരാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. കാന കടക്കാൻ പറ്റാത്തതുകൊണ്ട് അവർ എന്നെ പൊക്കിയെടുത്താണ് വച്ചത്. അവിടുന്നാണ് ആംബുലൻസിൽ കയറിയത്. ഇതിൽ വിശദീകരണം നൽകേണ്ട ആവശ്യമില്ല. സിബിഐ വരുമ്പോൾ അവരോട് പറഞ്ഞാൽ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ച് പോകും, ഇവരുടെ അന്തസ്സെല്ലാം പോകും, സത്യം വെളിയിൽ വരാൻ സിബിഐയെ കൊണ്ടുവരാൻ മാധ്യമങ്ങൾ തന്നെ പറയണം' - സുരേഷ് ഗോപി പറഞ്ഞു.

'ജനം എനിക്ക് വോട്ട് ചെയ്തതിന് പ്രധാനകാരണം കരുവന്നൂർ ആണ്. അതിലെ തട്ടിപ്പ് മറയ്ക്കാൻ പൂരമല്ല അതിന്റെ വകഭേദങ്ങളും ഉപയോഗിക്കും. മുനമ്പം വിഷയം പോലെ സത്യം വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് പേടിയുണ്ടോ?. സഹകരണനിയമം അമിത് ഷാ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിന്നില്ല?. അതുകൊണ്ടാണ് ഞാൻ നിങ്ങളെ കരുതാത്തത്. ജനങ്ങൾക്ക് ആവശ്യമുള്ളതല്ല നിങ്ങൾ ചോദിക്കുന്നതും കൊടുക്കുന്നതും. നിങ്ങൾ ഒരോരുത്തർക്കും ഓരോ രാഷ്ട്രീയമാണ്. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. മാധ്യമപ്രവർത്തകർ എന്ന് പറഞ്ഞ് നടക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ഇനി ഉടനെ ഇതും അവഹേളിക്കാലാണെന്ന് പറയരുത്. സത്യമാണ് പറയുന്നത്'. ദിവ്യക്കെതിരായ നടപടി അതെല്ലാം ആ പാർട്ടിയുടെ ഭാഗമാണ്. അതെല്ലാം അവരുടെ ആഭ്യന്തരകാര്യമാണ്. അത് ചോദ്യം ചെയ്യാൻ താനും തന്റെ പാർട്ടിയും വരില്ല. പൊതുജനപ്രക്ഷോഭത്തിന്റെ ഭാഗമായി വരുമ്പോൾ അങ്ങനെയുള്ള ആവശ്യങ്ങളെല്ലാം ഉന്നയിക്കും. പിപി ദിവ്യയുടെ അവകാശങ്ങൽൽ അനധികൃതമായി കൈകടത്തുക ആവരെ നശിപ്പിക്കുക അങ്ങനെ വേണമെന്ന് താൻ പറയില്ല. അനീതിയുണ്ടായിട്ടുണ്ടോ അതിന് നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷാനടപടികൾ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News