മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു.
തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നായിരുന്നു മോന്‍സന്റെ ആരോപണം. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. കേരള പൊലീസിൽ അടക്കം സ്വാധീനമുള്ള ഒരു വനിതയാണ് കേസുകൾക്ക് പിന്നിലെന്നും മോൻസൺ ആരോപിച്ചിരുന്നു. പോക്സോ കേസിലെ പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും മോൻസൺ കോടതിയിൽ വാദിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചി നോർത്ത് പൊലീസാണ് മോൻസണെതിരെ കേസെടുത്തത്. തുടർ വിദ്യാഭ്യാസത്തിന് സഹായം വാഗ‍്‍ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് മോൻസൺ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ൽ ആയിരുന്നു സംഭവം.