കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്തയാൾ തൂങ്ങി മരിച്ച നിലയിൽ

Update: 2023-02-09 05:27 GMT

അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു. കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുട്ടിക്കടുവയെ കഴുത്തിൽ കുരക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവർ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

എന്നാൽ സ്ഥലം ഉടമ മുഹമ്മദ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാൽ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ പറമ്പിൽ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയൽ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേ സമയം ഹരിയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ ഇന്ന് രാവിലെ ദേശീയപാത ഉപരോധിച്ചു.

Tags:    

Similar News