കേരളവർമ്മയിൽ തെരഞ്ഞെടുപ്പ്: 4 തവണ റീകൗണ്ടിങ് നടത്തി; എസ്എഫ്ഐക്കാർ എന്തുംചെയ്യുന്നവരെന്ന് കെ. സുധാകരൻ

Update: 2023-11-02 06:46 GMT

കേരളവര്‍മ കോളേജിലെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിൽ നാലുതവണയിലേറെ റീകൗണ്ടിങ് നടത്തിയെന്നാണ് തനിക്കുകിട്ടിയ വിവരമെന്നും അതില്‍ ക്രമക്കേടുണ്ടെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എഫ്.ഐ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്‌. അതുകൊണ്ട് അത് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു വോട്ടിന് ജയിച്ചുനിന്ന ഒരു തിരഞ്ഞെടുപ്പ്. റീകൗണ്ടിങ് ആവശ്യം ഉയരുന്നു. നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തി. അങ്ങനെയുണ്ടോ ഒരു റീകൗണ്ടിങ്? അതിനിടയ്ക്ക് ലൈറ്റ് പോകുന്നു. എസ്.എഫ്.ഐക്കാര്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ അങ്ങാടിപ്പാട്ടല്ലേ. എവിടെയാണ് കെ.എസ്.യുക്കാര്‍ അങ്ങനെ ഗുണ്ടായിസം നടത്തുന്നത്.

എസ്.എഫ്.ഐയും കെ.എസ്.യുവും തമ്മില്‍ ഒന്ന് താരതമ്യം ചെയ്യ്. എവിടെയാണ് കെ.എസ്.യുവിന്റെ ഗുണ്ടായിസം കൊണ്ട് കോളേജില്‍ പ്രശ്‌നങ്ങളുണ്ടായത്. എസ്.എഫ്.ഐയുടെ ഗുണ്ടായിസം കൊണ്ട് എത്ര സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എത്ര കോളേജുകളില്‍ കലാപമുണ്ടായിട്ടുണ്ട്. അപ്പോ അവര്‍ എന്തുംചെയ്യാന്‍ മനസ്സ് കാണിക്കുന്നവരാണ്. അതിന് സപ്പോര്‍ട്ട് ചെയ്യുന്ന അധ്യാപകരുടെ രാഷ്ട്രീയമാണ് ഏറ്റവും അപകടകരം എന്ന് ഞാന്‍ വിശ്വസിക്കുന്നു', സുധാകരന്‍ പറഞ്ഞു.

ഒരു വോട്ടിന് തോറ്റാല്‍ റീകൗണ്ടിങ്ങില്‍ തെറ്റില്ല. ഒരുവട്ടമല്ലേ, അല്ലെങ്കില്‍ രണ്ടുവട്ടമല്ലേ. ഇത് നാലുവട്ടത്തിലേറെ അവിടെ റീകൗണ്ടിങ് ചെയ്തുവെന്നാണ് എനിക്ക് കിട്ടിയ വിവരം. മാത്രമല്ല, അതിനിടയ്ക്ക് ലൈറ്റ് പോയിട്ടുണ്ട്. ലൈറ്റ് പോകണമെങ്കില്‍ അതിനിടയ്ക്ക് എന്തെങ്കിലും നടക്കില്ലേ. ഒരു വോട്ടിന് തോറ്റിടത്ത് ഏഴുവോട്ടിന് ജയിച്ചുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്തതാണ്. അതുകൊണ്ട് നിയമവശത്തിലൂടെ പരിഹരിക്കാനുള്ള ശ്രമം കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന് കെ.പി.സി.സി. പൂര്‍ണമായ പിന്തുണ കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരളവര്‍മ കോളേജിലെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നായിരുന്നു ആദ്യഫലം. പിന്നീട് നടന്ന റീകൗണ്ടിങ്ങില്‍ എസ്.എഫ്.ഐ. സ്ഥാനാര്‍ഥി അനിരുദ്ധൻ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു.

അതേസമയം  കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക് നീങ്ങൻ ഒരുങ്ങുകയാണ്. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണി. എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിച്ചു. 

Tags:    

Similar News