കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: പിഴവ് കണ്ടെത്തിയാൽ നടപടിയെന്ന് ആരോഗ്യമന്ത്രി
ഫുട്‌ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ വിദ്യാർഥിയുടെ ബന്ധുക്കൾ രംഗത്തെത്തി. എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കൾ ആരോപിച്ചു.
ചികിത്സാപ്പിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടി വന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാർട്‌മെൻറ് സിൻഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാർട്‌മെൻറ് സിൻഡ്രോം. അതേസമയം ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഹെൽത്ത് സർവീസ് ഡയരക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നും അവർ പറഞ്ഞു.