മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് കണക്കുകൾ
സെപ്റ്റംബർ 10, ലോക ആത്മഹത്യാ പ്രതിരോധദിനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കളുടെ ആത്മഹത്യാനിരക്ക് ഇന്ത്യയിൽ കൂടുതലാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിൽ (15-19 വയസ്) മരണത്തിന്റെ നാലാമത്തെ പ്രധാന കാരണം ആത്മഹത്യയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസിനു താഴെയുള്ള യുവാക്കളാണ്.
ഇന്ത്യയിൽ, ആത്മഹത്യയിലൂടെ മരിക്കുന്ന യുവാക്കളുടെ എണ്ണം നിർഭാഗ്യവശാൽ വളരെ കൂടുതലാണ്. ആഗോള ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയിൽ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം ഏകദേശം ഇരട്ടിയാണ്. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 160 യുവാക്കൾ ആത്മഹത്യ ചെയ്യുന്നുവെന്ന് ഡൽഹി എയിംസിലെ സൈക്യാട്രി പ്രൊഫ. നന്ദകുമാർ പറഞ്ഞു.
സമ്മർദപൂരിതമായ കുടുംബ ചുറ്റുപാടുകൾ, അസ്ഥിരമായ വൈകാരിക ആരോഗ്യം, ലഹരിവസ്തുക്കളുടെ ഉപയോഗം, പരാജയപ്പെട്ട ബന്ധം, സുഹൃത്തുക്കൾ തമ്മിലുള്ള മോശംബന്ധം, ഏകാന്തത തുടങ്ങിയവയാണ് ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണമെന്നും നന്ദകുമാർ ചൂണ്ടിക്കാണിക്കുന്നു.
2022ൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തുവെന്ന് എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 15-39 ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യ, ആഗോളതലത്തിലും നമ്മുടെ രാജ്യത്തും അഭിമുഖീകരിക്കുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധികളിലൊന്നാണെന്നു വിദഗ്ധർ പറയുന്നു. മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും ആത്മഹത്യ തടയുന്നതിനുമായി ദേശീയ മാനസികാരോഗ്യ പരിപാടി, കിരൺ ഹെൽപ്പ് ലൈൻ തുടങ്ങിയ സംരംഭങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.