പഴയ ഉത്തരവ് വീണ്ടും ഇറക്കി; വനമേഖലയിലെ 30 കിലോമീറ്റർ വേഗപരിധി ഉത്തരവിനെ 'ട്രോളി' വനപാലകർ

Update: 2023-03-25 11:52 GMT

വനമേഖലയിലെ 30 കിലോമീറ്റർ വേഗപരിധി ഉത്തരവിനെ 'ട്രോളി' വനപാലകർ. 2011ലെ ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്താതെ കൂടുതൽ നിർദേശങ്ങൾ മാത്രം ഉൾപ്പെടുത്തി പഴയ ഉത്തരവ് വീണ്ടും ഇറക്കിയതിനെയാണ് 'വീണ്ടും കളിത്തോക്കോ' എന്ന 'മാന്നാർ മത്തായി സ്പീക്കിങ്' സിനിമയിലെ വാചകംകൊണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിഹസിച്ചത്.

മാര്‍ച്ച് 21ന് ഇറങ്ങിയ ഉത്തരവിൽ, വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ പരമാവധി വേഗം 30 കിലോമീറ്റർ ആയിരിക്കണമെന്നും ഇത് സൂചിപ്പിക്കുന്ന ബോർഡുകൾ പാതയോരങ്ങളിൽ സ്ഥാപിക്കണമെന്നും നിർദേശിക്കുന്നു.

അനുവദനീയ വേഗത്തിൽതന്നെ വാഹനം ഓടിക്കുന്നതിന് പൊതുജനങ്ങൾക്ക് വനപാലകർ മുന്നറിയിപ്പ് നൽകണമെന്നതാണ് മറ്റൊരു നിർദേശം. വന്യജീവികൾക്ക് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്കെതിരെ കേസെടുത്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

എല്ലാ വാഹന യാത്രക്കാർക്കും വനം വകുപ്പിന്റെ ചെക്കിങ് സ്റ്റേഷനുകളിൽ വനം വന്യജീവി സംരക്ഷണത്തിന്റെയും വനത്തിലൂടെ വേഗം കുറച്ചു പോകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ലഘുലേഖകൾ തയാറാക്കി വിതരണം ചെയ്യണമെന്നും, ഈ നിർദേശങ്ങളെല്ലാം വനപാലകർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഡിഎഫ്ഒമാരും സിസിഎഫുമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

2011 മേയിലാണ് വനമേഖലയിലെ വേഗപരിധി 30 കിലോമീറ്ററാക്കി ആദ്യ ഉത്തരവ് ഇറങ്ങിയത്. ഉത്തരവിറങ്ങി 12 വർഷമായെങ്കിലും വാഹനങ്ങളുടെ വേഗം തിട്ടപ്പെടുത്തുന്നതിനാവശ്യമായ ക്യാമറയോ മറ്റുപകരണങ്ങളോ വനം ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിരുന്നില്ല. വനപാതകളിൽ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചില്ല.

മുറയ്ക്ക് ഉത്തരവുകൾ ഇറക്കുന്നതല്ലാതെ നടപ്പാക്കുന്നതിനാവശ്യമായ യാതൊന്നും ഉന്നത ഉദ്യോഗസ്ഥർ ചെയ്യുന്നില്ലെന്ന് വനപാലകർ ചൂണ്ടിക്കാട്ടുന്നു. ഹൈവേകൾ ഉൾപ്പെടെ കടന്നുപോകുന്ന വനപ്രദേശങ്ങളിൽ എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തി ലഘുലേഖകൾ വിതരണം ചെയ്യുന്നത് പ്രായോഗികമല്ലെന്നും ജീവനക്കാർ പറഞ്ഞു.

Similar News