പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകരുണ്ടാകും; വിവാദ പരാമർശവുമായി നേതാവ് സത്താർ പന്തല്ലൂർ

Update: 2024-01-12 07:30 GMT

പ്രകോപന പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താർ പന്തല്ലൂർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫ് ആവശ്യമില്ല.

സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവർത്തകരെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാണിച്ചു. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് സത്താർ പന്തല്ലൂരിൻ്റെ പ്രസംഗമെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. സമസ്ത അണികൾ വളരെ ആവേശത്തോടെയാണ് പക്ഷെ സത്താർ പന്തല്ലൂരിൻ്റെ പ്രസംഗത്തെ സ്വീകരിച്ചത്. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവനേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതിൻ്റെ പേരിൽ ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സത്താർ പന്തല്ലൂരിൻ്റെ പ്രസംഗം ചർച്ച ചെയ്യപ്പെടുന്നത്. ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് യുവനേതാക്കളെ വെട്ടി നിരത്തിയതിന് പിന്നിൽ ലീഗ് നേതാക്കളെന്നായിരുന്നു സമസ്‌തയിലെ ഒരു വിഭാഗം ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെ എസ്കെഎസ്എസ്എഫിലെ ഒരുവിഭാഗം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സേവ് ജാമിയ എന്ന പേരിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ വിമർശിച്ചു കൊണ്ടാണ് ലഘുലേഖ പുറത്തിറങ്ങിയത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്ന് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയെന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരെ ലഘുലേഖ പുറത്തിറങ്ങിയത്. ജാമിഅഃ ക്യാമ്പസിൽ ലഘുലേഖ വിതരണം ചെയ്തിരുന്നു. ജാമിഅ സമ്മേളനങ്ങളിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവരെയാണ് ഒഴിവാക്കിയത്.

സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിയ്യ കോളേജ്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡൻ്റായ സ്ഥാപനത്തിന്റെ വാർഷിക സമ്മേളനമാണ് ജനുവരി 3 മുതൽ 7 വരെ നടക്കുന്നത്. ഈ വേദിയിലാണിപ്പോൾ നേതാക്കൾ എത്തിയിരിക്കുന്നത്. ഏക സിവിൽ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചവരാണ് മാറ്റി നിർത്തപ്പെട്ടവർ എന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News