യച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നേതാക്കൾ; പൊതുദർശനം വൈകിട്ട്

Update: 2024-09-13 08:09 GMT

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് (72) അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ പാർട്ടി ആസ്ഥാനമായ എകെജി ഭവനിലേക്കെത്തുന്നു. വിവിധ പാർട്ടികളിലെ നേതാക്കൾ പാർട്ടി ആസ്ഥാനത്തെ യച്ചൂരിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി. ഇപ്പോൾ ഡൽഹി എയിംസിലാണ് മൃതദേഹമുള്ളത്. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിക്കും.

നാളെ പകൽ 11 മുതൽ 3 വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിൽ പൊതുദർശനം. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നാളെ വൈകിട്ട് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകും. 

യച്ചൂരിയോടുള്ള ആദരസൂചകമായി കേരളത്തിൽ 3 ദിവസത്തെ ദുഃഖാചരണം സംഘടിപ്പിക്കുമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു. സമ്മേളനങ്ങളടക്കം എല്ലാ പാർട്ടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. യച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പകരം ചുമതല സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല.

Tags:    

Similar News