തെളിവുകൾ ഇല്ലാതാക്കിയ കേസ് ആണിത്; 'കൊലക്ക് കൂട്ട് നിന്നവരെ കൂടി വെളിച്ചത്ത് കൊണ്ടുവരണം'; സിദ്ധാർത്ഥന്റെ മാതാപിതാക്കൾ

Update: 2024-06-02 09:35 GMT

പൂക്കോട്  വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ കുടുംബം ഹാജരായി മൊഴി നൽകി. സിദ്ധാർത്ഥിന്‍റെ അച്ഛൻ പ്രകാശ്, അമ്മ ഷീബ, അമ്മാവൻ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുൻപാകെ ഹാജരായി രേഖകൾ കൈമാറിയത്. കൊച്ചി കുസാറ്റ് ക്യാംപസിലാണ് ജുഡീഷ്യൽ കമ്മിറ്റി സിറ്റിങ് നടത്തുന്നത്.

ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും കമ്മിറ്റി മുൻപാകെ ബോദ്ധ്യപ്പെടുത്തിയെന്ന് സിദ്ധാർത്ഥന്‍റെ അമ്മ ഷീബ പറഞ്ഞു. മരണത്തിന് കാരണക്കാരായവർ‍ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവരും ഒളിപ്പിക്കാൻ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം പറഞ്ഞു.

തെളിവുകൾ ഇല്ലാതാക്കിയ കേസ് ആണിത്. പ്രതികൾ പുറത്ത് ഇറങ്ങിയതോടെ അതിനു വീണ്ടും സാധ്യത കൂടിയിരിക്കുകയാണ്. കേസിൽ  ഉദ്യോഗസ്ഥരും ഒളിച്ചു കളിക്കുന്നു. കൊലപാതകികൾ മാത്രമല്ല, സഹായിച്ചവർ ആരെന്നും അത് മറച്ചുവെക്കാൻ ശ്രമിച്ചത് ആരെന്നുമുള്ള കാര്യങ്ങൾ പുറത്തുവരണം. വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ സംഭവം നടന്ന സമയത്ത് നിഷ്‌ക്രിയൻ ആയെന്നും ഇവർക്കെതിരെ നടപടി വേണമെന്നും സിദ്ധാർത്ഥന്റെ അമ്മ ഷീബ ആവശ്യപ്പെട്ടു. 

പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ പ്രകാശൻ പ്രതികരിച്ചു. കൊലപാതകികളെ മാത്രമല്ല, കൊലക്ക് കൂട്ട് നിന്നവരെ കൂടി വെളിച്ചത്ത് കൊണ്ടുവരണം. സംഭവം മറച്ചുവെച്ച അധികാരികൾക്കെതിരെ നിയമനടപടി എടുക്കണം. മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതത് കൊണ്ട് മാത്രം മതിയായില്ല. അദ്ദേഹവും സർവകലാശാല അധികൃതരും വിചാരണ നേരിടണമെന്നും പ്രകാശൻ പറഞ്ഞു. 

Tags:    

Similar News