കുഴിമന്തി കഴിച്ചു; നാലുവയസ്സുകാരന് ഷിഗെല്ല‌

Update: 2023-04-07 04:26 GMT

കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ ഛർദിയും വയറിളക്കവും പനിയും ഉണ്ടായതായി രക്ഷിതാക്കൾ പറയുന്നു. കുട്ടികൾ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി. നാലുവയസ്സുകാരൻ ഒഴികെയുള്ളവർക്കെല്ലാം ഭേദമായി.

ഷിഗല്ല

ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം

ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കം ഉണ്ടാവുമ്പോൾ രക്തവും പുറന്തള്ളപ്പെടാം

രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണും. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല.

രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്.

പകർച്ചാരീതി

മലിനജലം, കേടായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.

 

Tags:    

Similar News