തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഒഴിവാക്കി. കോഴിക്കോട് മുസ്ലിം ലീഗ് സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകൻ ശശി തരൂരായിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നൂറു വാർഡുകളിലായി പ്രവർത്തിക്കുന്ന 32 മുസ്‌ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവർമെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട്ട് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ അപലപിച്ചും മുസ്ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിയിൽ ഹമാസിനെ 'ഭീകരവാദികൾ' എന്ന് തരൂർ വിശേഷിപ്പിച്ച് വിവാദമായിരുന്നു. ആ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു തരൂർ. ''നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയപ്പോൾ ലോകം അതിനെതിരെ പ്രതിഷേധമുയർത്തി. തിരിച്ച് ഇസ്രയേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ബോംബിങ്ങിനെതിരെയും നമ്മൾ അടക്കമുള്ള ലോകം പ്രതിഷേധിക്കുകയാണ്. ഭീകരവാദികളുടെ പ്രവർത്തനം രണ്ടു ഭാഗത്തുനിന്നും ഉണ്ടായി. കഴിഞ്ഞ 15 വർഷത്തെക്കാൾ കൂടുതലാണ് 19 ദിവസം കൊണ്ട് ഉണ്ടായ മരണം''- എന്നായിരുന്നു തരൂരിന്റെ വാക്കുകൾ.