ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണം: സുപ്രീം കോടതിയിയെ സമീപിച്ച് ഗ്രീഷ്മ
ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽമോചിതയായതിനു പിന്നാലെയാണ് ഗ്രീഷ്മയുടെ നീക്കം.
കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.