ശരൺചന്ദ്രൻ കാപ്പാ കേസ് പ്രതി തന്നെ; സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊലീസ് തള്ളി

Update: 2024-07-06 08:09 GMT

സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻറെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിൻറെ വാദം തള്ളി ജില്ലാ പൊലീസ്. ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നവംബറിൽ ശരൺ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവിൽ പോയ ശരണിനെ 2024 ഏപ്രിൽ 16നാണ് പിടികൂടിയത്. ശരൺ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിൻറെയും വിശദീകരണം തള്ളുന്നതാണ് പൊലീസിൻറെ മറുപടി. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലെടുത്തുകൊണ്ട് നൽകിയ സ്വീകരണത്തിൽ വിചിത്ര വാദമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മന്ത്രി വീണാ ജോർജും നടത്തിയത്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ പ്രതിയായതെല്ലാം രാഷ്ട്രീയ സംഘർഷത്തിലാണെന്നും തെറ്റുകൾ തിരുത്താനാണ് ചെങ്കൊടിയേന്തിയതെന്നുമാണ് ഇരുവരും പറഞ്ഞത്.

Tags:    

Similar News