'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തെന്ന് കേട്ടു'; കോർപറേഷനു മുന്നിൽ സിപിഎം ഫ്‌ലക്‌സ്

Update: 2022-11-17 06:18 GMT

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ഫ്‌ലക്‌സ് ബോർഡ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശക്കത്താണ് ഫ്‌ലക്‌സ് ബോർഡിലും നോട്ടിസ് ബോർഡിലും പതിപ്പിച്ചിരിക്കുന്നത്. കത്തു വിവാദത്തിൽ കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നു സമരം നടത്താനിരിക്കെയാണ് നീക്കം.

'എന്താണ് ഷാഫി.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു...'' എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയാറാക്കിയതുപോലുള്ള കത്ത് ഫ്‌ലക്‌സ് ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു താഴെ ''ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ...''എന്ന വാചകവും ചേർത്തിട്ടിട്ടുണ്ട്. ''ചാണ്ടി സാറെ ജോലി കൊടുക്കണം'' എന്ന വാചകത്തിനൊപ്പമാണ് കത്തു പ്രദർശിപ്പിച്ചിട്ടുള്ളത്.

ഷാഫി പറമ്പിലിന്റെ ഒപ്പോടു കൂടി, 2011 ഓഗസ്റ്റ് 25-ാം തീയതിയിലേതാണ് കത്ത്. ''റെസ്‌പെക്റ്റ് സിഎം, നിരവധി വർഷങ്ങളായി കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താൽപര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരമുൾപ്പെടെ, കേസുകളിൽ അദ്ദേഹം കെഎസ്യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എസ്.ബിജുവിനെ അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു''- കത്തിൽ പറയുന്നു.

ഇതിനൊപ്പം ഇപ്പോഴത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ഊർജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അയച്ച ശുപാർശ കത്തും കുത്തിപ്പൊക്കിയിട്ടുണ്ട്. ഇതിനുപുറമെ കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാർശ കത്ത്, ജോസഫ് വാഴക്കൻ, ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂർ, എൻ. പീതാംബരക്കുറുപ്പ്, ഷാഹിദ കമാൽ, ഹൈബി ഈഡൻ, കെ.എൻ.എ. ഖാദർ, എ.പി. അനിൽകുമാർ, സി.പി. ജോൺ, എം.എം. ഹസൻ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളുടെ ശുപാർശ കത്തും പുറത്തു വന്നിട്ടുണ്ട്.

Tags:    

Similar News