വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്‌എഫ്‌ഐഒ

Update: 2024-02-01 01:50 GMT

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ.

ഗുരുതര തട്ടിപ്പുകള്‍ കൈകാര്യംചെയ്യുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണമെന്നാണ് നിർദേശം.

വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിവിവാദം കത്തിപ്പുകയവേ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അഡീഷണല്‍ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. കോർപ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദിനെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവില്‍ അറിയിച്ചു. ഇപ്പോഴുള്ള അന്വേഷണോദ്യോഗസ്ഥരും സംഘത്തിലുണ്ട്. എട്ടുമാസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർ.ഒ.സി. (രജിസ്ട്രാർ ഓഫ് കമ്പനീസ്) യുടെ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ആർ.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്സാലോജിക്ക് സമർപ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്സാലോജിക് മറുപടി നല്‍കിയത്. ഇടപാട് വിവരം സി.എം.ആർ.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർ.ഒ.സി. റിപ്പോർട്ടില്‍ പരാമർശിച്ചു. ഈ ആർ.ഒ.സി. റിപ്പോർട്ടാണ് വിഷയത്തില്‍ കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.

അതേസമയം, എക്സാലോജിക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ആരോപണം ഉയർന്നതിനെപ്പറ്റി നിയമസഭയില്‍ ചർച്ചവന്നപ്പോള്‍ തന്റെ കൈകള്‍ ശുദ്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാഷ്ട്രീയലക്ഷ്യംവെച്ചാണ് കേന്ദ്രാന്വേഷണമെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News