'ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നു; പൊതുസ്ഥലങ്ങളിൽ സിഐടിയു ജനങ്ങളുടെ മേൽ കുതിരകയറുന്നു': വിമർനവുമായി സുധാകരൻ

Update: 2024-07-06 12:02 GMT

സി പി എമ്മിന്‍റെ പോഷക സംഘടനകളായ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്.

മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി.

സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍ നിന്ന് വീണ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. മറ്റുതൊഴിലാളികളെ ഫൈബര്‍ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സി ഐ ടി യുകാര്‍ മര്‍ദ്ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നല്‍കാമെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി.

എസ് എഫ് ഐയും സി ഐ ടി യവും സി പി എമ്മിന്റെ ഗുണ്ടാപ്പടയായി മാറി. ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ പറഞ്ഞു. 

Tags:    

Similar News