'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; കാലിക്കറ്റ് സർവ്വകലാശാലയില്‍ ഗവർണർക്കെതിരെ കറുത്ത ബാനർ

Update: 2023-12-16 03:23 GMT

കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്.എഫ്.ഐ. ഗവർണർക്കെതിരെ സർവകലാശാലാ കാംപസിൽ ബാനറുകൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. 'സംഘി ചാൻസലർ തിരിച്ചുപോകണം' എന്നുൾപ്പെടെയുള്ള സന്ദേശമടങ്ങിയ ബാനറുകളാണ് കാംപസ് കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ചത്.

ഇന്ന് രാത്രിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് കാംപയിൽ ഒരുക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് എത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകൻറെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് പോകും.

തിങ്കളാഴ്ച 3.30ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സനാതനധർമ്മപീഠം സംഘടിപ്പിക്കുന്ന 'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' സെമിനാറിൽ ഗവർണർ പങ്കെടുക്കും. ഗവർണറെ സർവകലാശാലകളിൽ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐ ആഹ്വാനത്തിൻറെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് പൊലീസ് ഗവർണർക്ക് ഒരുക്കിയിരിക്കുന്നത്.

അതിനിടെ, സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഉറച്ച് മുന്നോട്ടുപോകുകയാണ് ഇടതുസംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് മ്യൂസിയത്തുനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

Tags:    

Similar News