ഭരണഘടനയെ വിമർശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്; എംവി ഗോവിന്ദൻ

Update: 2023-01-03 07:15 GMT

സജി ചെറിയാന്റെ സത്യപതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമപരമായി കൈകാര്യം ചെയ്യുമ്പോൾ പ്രശ്‌നമുണ്ടാകില്ല. നിയമവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഗവർണറും ശരിയായ രീതിയിൽ കൈകാര്യം ചെയ്ത് പോയാൽ കുഴപ്പമില്ല. നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്. അതിനെയാണ് ഞങ്ങൾ ശക്തിയായി എതിർക്കുന്നത്. ലക്ഷക്കണക്കിനാളുകളെ അണിനിരത്തി ഞങ്ങളതിനെ പ്രതിരോധിക്കുകയാണ്. ഭരണഘടനയെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനപ്പുറം വേറെ പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സജി ചെറിയാൻറെ സത്യപ്രതിജ്ഞയിൽ നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വെയ്‌സർ നൽകിയത്.

Tags:    

Similar News