സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു; എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷനേതാവ്
സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സെന്റര്‍ ഫോര്‍ മനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് നിയമന അധികാരമില്ല, എന്നിട്ടും അവരും പത്രപരസ്യം നല്‍കി നിയമനം നടത്തുകയാണെന്ന് സതീശന്‍ ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഐ.ടി. വകുപ്പിന് കീഴിലുള്ള സ്ഥാപനം 558 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സോഷ്യല്‍ ജസ്റ്റിസ് 874 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. ധനവകുപ്പില്‍ 246 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ വകുപ്പുകളില്‍ ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ സര്‍ക്കര്‍ നോക്കുകുത്തികളാക്കിയെന്നും സതീശന്‍ ആരോപിച്ചു.
പിന്‍വാതില്‍ നിയമനങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണമാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയെപോലും ലംഘിച്ചാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് പിരിച്ചുവിട്ട് മന്ത്രിമാര്‍ക്ക് ഇഷ്ടമുള്ള ആളുകളെ പിന്‍വാതിലിലൂടെ നിയമിക്കൂ. പതിനായിരക്കണക്കിന് പേരെയാണ് നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍വാതിലിലൂടെ നിയമിച്ചത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നിങ്ങള്‍ സ്വന്തക്കാരെ തിരുകിക്കയറ്റി പാവപ്പെട്ട ചെറുപ്പക്കാരുടെ തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കുന്നത്. കേരളത്തിന്റെ തൊഴിലിടങ്ങള്‍ ഇല്ലാതാകുകയാണ്. കഴിഞ്ഞ വര്‍ഷം പോയതിന്റെ ഇരട്ടി കുട്ടികളാണ് ഈ വര്‍ഷം വിദേശത്തേക്ക് പോയത്. കേരളം തൊഴില്‍ സാധ്യതയില്ലാത്ത ഇടമായി തകര്‍ന്നു പോകുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ വിഷയത്തില്‍നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.