വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ല; രാഷ്ട്രീയമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനം: അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തിന് മറുപടിയായി സതീശന്‍

Update: 2025-01-07 08:54 GMT

പി.വി.അന്‍വര്‍ എംഎല്‍എയെക്കൊണ്ടു തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതേ ആള്‍ തന്നെയാണു പിന്നീട് പിണറായി വിജയനെതിരെ അതിരൂക്ഷമായ ആരോപണം ഉന്നയിച്ചത്. അതാണു കാലത്തിന്റെ കാവ്യനീതിയെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വി.ഡി.സതീശന്‍ പറഞ്ഞു. 

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ല. രാഷ്ട്രീയമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനം ഉണ്ടാകും. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഉചിതമായ സമയത്തു ചര്‍ച്ച ചെയ്തു നടപടി എടുക്കുമെന്നും സതീശന്‍ പറഞ്ഞു. വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി. 

രണ്ടു ദിവസം മുന്‍പ് എന്‍.എം.വിജയന്‍ എഴുതിയ കത്തു കിട്ടിയിരുന്നു. അതില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പാര്‍ട്ടിയിലെ എല്ലാവരുമായി ആലോചിച്ചു മറുപടി പറയാമെന്നാണു കുടുംബത്തോടു പറഞ്ഞത്. ഇപ്പോള്‍ കത്തു പുറത്തുവന്നിരിക്കുകയാണ്. വിഷയം അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

Tags:    

Similar News