ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് വി.ഡി സതീശൻ

Update: 2023-02-15 06:52 GMT

ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും  പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീം കോടതിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു.

ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ പ്രതിയായത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നൽകിയെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. സരിതിനും സന്ദീപിനുമായി 59 ലക്ഷം നൽകി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴി പണം നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെ കൂടി കേസിൽ ഇഡി പ്രതി ചേർത്തു. ഇയാൾക്ക് മൂന്ന് ലക്ഷം രൂപ കോഴ കിട്ടിയെന്നാണ് വിവരം. യൂണിടാക് കമ്പനിയെ സരിതിന് പരിചയപ്പെടുത്തിയതിനാണ് മൂന്ന് ലക്ഷം രൂപ ലഭിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ  അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്. 

ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്. കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നാണ് ഇ ഡി പറയുന്നത്. സ്വപ്നയുടെ രണ്ട് ലോക്കറുകളിൽ നിന്ന്  എൻഐഎ പിടികൂടിയ പണം ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്ന ഇ ഡിക്ക് നൽകിയ മൊഴി. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.25 കോടി രൂപ  കോഴയായി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിരുന്നു. 

Tags:    

Similar News