സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല, മൂന്ന് ദിവസം കൊണ്ട് കൊടുത്തുതീർക്കും, സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ല: ധനമന്ത്രി

Update: 2024-03-04 08:33 GMT

സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മിക്കവാറും പേർക്ക് പെൻഷൻ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാർക്കും ശമ്പളം കൊടുത്തുതീർക്കും. എന്നാൽ ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ട്രഷറിയിൽ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെൻഷനും ഇത് ബാധകമാകും. എന്നാൽ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാൻ സമ്മതിക്കാത്തത് സുപ്രീംകോടതിയിൽ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു.

കേസ് കൊടുത്തു എന്നതിന്റെ പേരിൽ ഫെബ്രുവരി, മാർച്ച് മാസത്തിൽ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബുദ്ധിമുട്ടിക്കും. ശമ്പളം നൽകിയത് കൊണ്ടോ പെൻഷൻ കൊടുത്തത് കൊണ്ടോ സംസ്ഥാനത്തിന്റെ പ്രശ്നം തീരുന്നില്ല. കഴിഞ്ഞ മാർച്ച് മാസം 22,000 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിൽ 14000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരായ ആളുകൾക്ക് നൽകുന്നതാണ് സാമൂഹിക ക്ഷേമ പെൻഷൻ. 62 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എന്തുസമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്? സാമൂഹിക ക്ഷേമ പെൻഷൻ കിട്ടാനുള്ള ആളുകൾ ഉൾപ്പടെ ഡൽഹിയിൽ പോയി സമരം ചെയ്യണോ? അത്തരം കാര്യങ്ങളിൽ യുഡിഎഫിന്റെ സമീപനം എന്താണ്? കേരളത്തോട് കേന്ദ്രം കാണിക്കുന്ന നിലപാടിൽ യുഡിഎഫ് നിലപാട് എന്താണെന്നും ധനമന്ത്രി ചോദിച്ചു.

Tags:    

Similar News