കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽ എത്തി കെ.എം മാണിയുടെ ചിത്രം എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഓഫീസിലെത്തി കെ.എം മാണിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ. പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. സജിയുടെ നടപടി പ്രതിഷേധാർഹമെന്ന് യു.ഡി.എഫ് അറിയിച്ചു. കെ.എം മാണിയുടെ ചരമദിനത്തിൽ ഉപയോഗിക്കാനാണ് ഫോട്ടോയെടുത്തതെന്നാണ് സജിയുടെ വിശദീകരണം.
യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ പ്രചാരണം ഊർജിതമായി പുരോഗമിക്കുന്നതിനിടെയാണ് സജി മഞ്ഞക്കടമ്പിലിന്‍റെ രൂപത്തിൽ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായത്. പി.ജെ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ഒന്നിച്ച് രാജിവച്ചാണ് മഞ്ഞക്കടമ്പൻ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്.
അതേസമയം കോട്ടയത്തെ കോൺഗ്രസ് നേതാക്കളും കടുത്ത നിരാശയിലാണ്. ഏതുവിധേനയും പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ച് സ്ഥാനങ്ങള്‍ രാജിവെച്ചത്. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പി.ജെ.ജോസഫിനൊപ്പം ഉറച്ചു നിന്ന നേതാവാണ് സജി. എങ്ങോട്ടേക്കാണ് പ്രവര്‍ത്തനം മാറ്റുന്നതെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും സജിയെ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ്-എം രംഗത്തെത്തിയിട്ടുണ്ട്.
സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് പുറത്ത് വന്നതെന്നുമെന്നും ആവോളം പ്രശംസിച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ രംഗത്തെത്തിയിരുന്നു.